പൊലീസ് സ്റ്റേഷനുകളിലെ സിസിടിവികള്‍ ഓഫ് ചെയ്യാന്‍ സാധ്യത; ഓട്ടോമാറ്റിക് കണ്ട്രോള് റൂം അഭികാമ്യം: സുപ്രീംകോടതി
ന്യൂഡല്‍ഹി: രാജ്യത്തെ പൊലീസ് സ്റ്റേഷനുകളിലെ സിസിടിവികള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഓട്ടോമാറ്റിക് കണ്ട്രോള് റൂമുകളാണ് അഭികാമ്യമെന്ന് സുപ്രീംകോടതി. പൊലീസ് സ്റ്റേഷനുകളിലെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുമ്പോഴായിരുന്നു ജസ്റ്റിസ് വിക്രംനാഥ്, ജസ്റ്റിസ് സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചിന്റെ നിരീക്ഷണം. പൊലീസുകാരുടെ സാന്നിധ്യം ഇല്ലാത്ത കണ്ട്രോള് റൂമുകള്‍ തുറക്കാനുള്ള നിര്‍ദേശം നല്കുന്ന കാര്യം പരിഗണനയിലാണെന്നും സുപ്രീംകോടതി വ്യക്തമാക്കി. പൊലീസ് സ്റ്റേഷനുകളില്‍ സിസിടിവികള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് സര്‍ക്കാരുകള്‍ സത്യവാങ്മൂലങ്ങള്‍ നല്‍കും. എന്നാല്‍ ഉദ്യോഗസ്ഥര്‍ അത് ഓഫ് ചെയ്യാനുള്ള സാധ്യത ഉണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. കാമറ ഓഫ് ചെയ്യപ്പെടുമ്പോള്‍ മനുഷ്യാവകാശ ലംഘനത്തിനുള്ള സാധ്യത ഉടലെടുക്കുന്നുണ്ട്. അതുകൊണ്ടു തന്നെ മനുഷ്യ ഇടപെടല്‍ ഒഴിവാക്കണം. തിങ്കളാഴ്ച ഇത് സംബന്ധിച്ച വിശദമായ ഉത്തരവ് പുറപ്പെടുവിക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. മനുഷ്യ ഇടപെടലില്ലാതെ സിസിടിവി ദൃശ്യങ്ങള്‍ നിരീക്ഷിക്കുന്നതിനുള്ള സംവിധാനം ഒരുക്കുന്നതിന് ഐഐടിയെ ഉള്‍പ്പെടുത്തുന്നതിനെക്കുറിച്ച് ചിന്തിക്കാവുന്നതാണ്. സിസിടിവികള്‍ പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ അക്കാര്യം ശ്രദ്ധയില്‍പ്പെടുത്താനുള്ള സംവിധാനം ഏര്‍പ്പെടുത്തണം. പൊലീസ് സ്റ്റേഷനുകളില്‍ സ്വതന്ത്ര ഏജന്‍സികള്‍ക്ക് പരിശോധന നടത്താന്‍ അനുമതി നല്കുന്ന കാര്യവും പരിഗണനയിലാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി.